Sunday, September 28, 2008

ഉള്ളതു പറഞ്ഞാ‍ല്‍..


ഒരു ഗള്‍ഫുകാരാ....


ചാണകം മെഴുക്കിയ തറയില്‍ നിന്നും
ഇറ്റാലിയന്‍ മാര്‍ബിളിലേക്കെത്തിയപ്പോള്‍
നിന്റെയീ വുഡ് ലാന്റ് ബൂട്ടിനുള്ളില്‍‍
മടമ്പിനരുകിലെ ചെറുപൊന്തകളില്‍
ഇപ്പോഴുമുണ്ടാകും,
കിഴക്കയിലെ രാധേച്ചിയുടെ
ലാലുപ്പശുവിന്റെ പഴയ ചാണകപ്പശ...
ഒന്നഴിച്ചുനോക്കിയെങ്കിലും
ഈ ചങ്ങാതിക്ക്
ഈ പഴയ..ചങ്ങാതിക്ക്..
ഒരു മിസ് കോളിടണം..

മാസാമ്മാസം
മൂവായിരം ദിനാറൊളിപ്പിക്കാന്‍
നീ പെടുന്ന പാടൊന്നുമില്ലതിന്....!!


ആറു ഗള്‍ഫുകാരേ...


നിന്റെ അമ്മ,
എപ്പോഴും ചോദിക്കും..
അവന്‍ വിളിക്കാറില്ലേന്ന്..
നിര്‍ദോഷമായ കളവുകള്‍ പറയാമെന്നല്ലേ,
എന്നും വിളിക്കുമെന്ന് ഞാന്‍ ‍പറയും..

പാവം....
അരയില്‍ ബെല്‍റ്റുകെട്ടി
(സലിം കുമാര്‍ ‍പറഞ്ഞപോലെ,
നൂറ്റിക്കോല്‍ പൊക്കത്തില്‍‍)
നാല്‍പ്പതാം നിലയ്ക്കുപുറത്ത് ഗ്ലാസ്സുതുടയ്ക്കുന്നതും
വെള്ളപൂശുന്നതും ഞാന്‍ ‍പറഞ്ഞിട്ടില്ല..
ഓഫീസ്സു ജോലിയെന്നു പറഞ്ഞിട്ട്
ഹോട്ടലില്‍ പാത്രം കഴുകുന്നത് ഞാന്‍ പറഞ്ഞിട്ടില്ല..
കണ്ടേയ്നര്‍ മുറിയില്‍ രാത്രികളില്‍ അടുക്കിവെക്കുന്ന
പതിനഞ്ചര കാലുകള്‍ ഞാന്‍ പറഞ്ഞിട്ടില്ല..
തിരിച്ചുവരുന്നതിന്റെ വര്‍ഷം
കലണ്ടറില്‍ ദിവസ്സവും രാത്രി
വരയിട്ടു തീര്‍ക്കുന്നതും ഞാന്‍ പറഞ്ഞിട്ടില്ല......

പക്ഷെ,
സഹകരണബാങ്കില്‍ വച്ച ആധാരത്തിന് പൊടിപിടിച്ച്
അവര്‍ പൊടിതട്ടാറായെന്ന്
നിന്നോടു എങ്ങിനെ ഞാന്‍ പറയാതിരിക്കും....