Tuesday, October 28, 2008

കണ്ണൂര്‍








“എന്തൂട്ടടാ നായെ നിന്റെ മുണ്ടാട്ടം മുട്ടിയാ... യെരപ്പേ..“

ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി,ഇതൊരു പതിവായി മാറിയിരിക്കുന്നു നേരവും കാലവുമില്ലാത്ത വിളി, താനിന്നേവരെ കേട്ടിട്ടില്ലാത്ത പച്ചത്തെറികള്‍ അറപ്പുതോന്നുന്നു

മനുഷ്യനാണേ ഇവനൊക്കെ?ഒരു തെറ്റും ചെയ്യാത്ത എന്നെയിട്ടിങ്ങനെ ചീത്തവിളിക്കാന്‍...

ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുമ്പൊഴാ ഇങ്ങനെയൊരുപദ്രവം കൂടി॥

എത്രയോ കസ്റ്റമേര്‍സിനു ഈ നമ്പര്‍ കൊടുത്തും പോയി,അല്ലെങ്കിലങ്ങു മാറ്റായിരുന്നു ഇതിപ്പോ അതിനും കൂടി പറ്റാണ്ട്...ബോസ്സാണെങ്കില്‍ ഇടയ്ക്കിടെ വിളിക്കുകയും ചെയ്യും

ഞാന്‍ രണ്ടും കല്‍പ്പിച്ച് വീണ്ടും സ്വിച്ച് ഓണ്‍ ചെയ്തു..

മിനിറ്റ് അഞ്ച് കഴിഞ്ഞില്ല॥വീണ്ടും ആ നമ്പറില്‍ നിന്നും വിളി..

കുറേ ഉപദേശിച്ചതാ എന്നിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. ഏതായാലും ഒന്നൂടിപറഞ്ഞ് നോക്കാം, ഞാന്‍ കോള്‍ അറ്റന്റ് ചെയ്തു...

“പ്ഫ,,നായിന്റാ മോനെ....നിനക്ക്...”

വീണ്ടും ഞാന്‍ സ്വിച്ച് ഓഫാക്കി...

പലപല മാര്‍ഗങ്ങളും നോക്കിയതാ ഇതൊന്നു നിര്‍ത്തിക്കിട്ടാന്‍.. പോലീസ്സ്റ്റേഷനാ,മന്ത്രീടെ പീഎ യാണ്, സിബീഐ ഓഫീസറാന്നുവരെ, ഒന്നും ഒന്നും ഏശിയില്ല...

അങ്ങിനെ ഇന്നു കാലത്ത് കാന്റീനിലിരിക്കുമ്പൊ സുരേഷാണു ആ വഴി പറഞ്ഞത്

ഇനി അതും കൂടി നോക്കിക്കളയാം...

ദാ വന്നിരിക്കുന്നു ആ കോള്‍

ഞാന്‍ അല്‍പ്പം ശബ്ദം കനപ്പിച്ചു കോള്‍ അറ്റന്റ് ചെയ്തു

“ഡാ ചണ്ടി.. പറയെടാ.. യെവ്ടാടാ. ...നിന്റെ മട..”

തൊണ്ടയില്‍ തുപ്പലും നിറച്ച് ഞാന്‍‍ മറുപടി പറഞ്ഞു

“ന്റെ പേര് ജഗന്‍...മട കണ്ണൂരു തലശ്ശേരിയാ”

ശ്ശൂ‍ൂം...

അതിശയം തന്നെ,, അവന്‍ ഫോണ്‍ കട്ട്ചെയ്തിരിക്കുന്നു..
ഹോ ഭയങ്കരം തന്നെ, താനെന്തൊക്കെപ്പറഞ്ഞതാ..ഇതിപ്പോ..

ഉടനെ ഞാന്‍ അങ്ങ്ങ്ങോട്ട് വിളിച്ചു.

“നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന കസ്റ്റമര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ദയവായി അല്‍പ്പസമയം കഴിഞ്ഞു വിളിക്കുക...”


Sunday, September 28, 2008

ഉള്ളതു പറഞ്ഞാ‍ല്‍..


ഒരു ഗള്‍ഫുകാരാ....


ചാണകം മെഴുക്കിയ തറയില്‍ നിന്നും
ഇറ്റാലിയന്‍ മാര്‍ബിളിലേക്കെത്തിയപ്പോള്‍
നിന്റെയീ വുഡ് ലാന്റ് ബൂട്ടിനുള്ളില്‍‍
മടമ്പിനരുകിലെ ചെറുപൊന്തകളില്‍
ഇപ്പോഴുമുണ്ടാകും,
കിഴക്കയിലെ രാധേച്ചിയുടെ
ലാലുപ്പശുവിന്റെ പഴയ ചാണകപ്പശ...
ഒന്നഴിച്ചുനോക്കിയെങ്കിലും
ഈ ചങ്ങാതിക്ക്
ഈ പഴയ..ചങ്ങാതിക്ക്..
ഒരു മിസ് കോളിടണം..

മാസാമ്മാസം
മൂവായിരം ദിനാറൊളിപ്പിക്കാന്‍
നീ പെടുന്ന പാടൊന്നുമില്ലതിന്....!!


ആറു ഗള്‍ഫുകാരേ...


നിന്റെ അമ്മ,
എപ്പോഴും ചോദിക്കും..
അവന്‍ വിളിക്കാറില്ലേന്ന്..
നിര്‍ദോഷമായ കളവുകള്‍ പറയാമെന്നല്ലേ,
എന്നും വിളിക്കുമെന്ന് ഞാന്‍ ‍പറയും..

പാവം....
അരയില്‍ ബെല്‍റ്റുകെട്ടി
(സലിം കുമാര്‍ ‍പറഞ്ഞപോലെ,
നൂറ്റിക്കോല്‍ പൊക്കത്തില്‍‍)
നാല്‍പ്പതാം നിലയ്ക്കുപുറത്ത് ഗ്ലാസ്സുതുടയ്ക്കുന്നതും
വെള്ളപൂശുന്നതും ഞാന്‍ ‍പറഞ്ഞിട്ടില്ല..
ഓഫീസ്സു ജോലിയെന്നു പറഞ്ഞിട്ട്
ഹോട്ടലില്‍ പാത്രം കഴുകുന്നത് ഞാന്‍ പറഞ്ഞിട്ടില്ല..
കണ്ടേയ്നര്‍ മുറിയില്‍ രാത്രികളില്‍ അടുക്കിവെക്കുന്ന
പതിനഞ്ചര കാലുകള്‍ ഞാന്‍ പറഞ്ഞിട്ടില്ല..
തിരിച്ചുവരുന്നതിന്റെ വര്‍ഷം
കലണ്ടറില്‍ ദിവസ്സവും രാത്രി
വരയിട്ടു തീര്‍ക്കുന്നതും ഞാന്‍ പറഞ്ഞിട്ടില്ല......

പക്ഷെ,
സഹകരണബാങ്കില്‍ വച്ച ആധാരത്തിന് പൊടിപിടിച്ച്
അവര്‍ പൊടിതട്ടാറായെന്ന്
നിന്നോടു എങ്ങിനെ ഞാന്‍ പറയാതിരിക്കും....